കണ്ണൂരിലെ കാഞ്ഞിരങ്ങാട്ട് വൈദ്യനാഥക്ഷേത്രം

കണ്ണൂര്‍ ജില്ലയിലെ തളിപ്പറമ്പിനടുത്താണ് കാഞ്ഞിരങ്ങാട്ട് വൈദ്യനാഥക്ഷേത്രം സ്ഥിതിചെയ്യുന്നത്. പരമശിവനാണ് പ്രധാനമൂര്‍ത്തി. വൈദ്യനാഥനാണ് ശിവന്‍. കുഷ്ഠരോഗം, അന്ധത എന്നീ രോഗങ്ങള്‍ക്ക് കണ്‍കണ്ട മൂര്‍ത്തിയാണ്. കേരളത്തിലെ പുരാതന ക്ഷേത്രങ്ങളിലൊന്നാണ്. സൂര്യദേവനു പിടിപെട്ട ത്വക് രോഗം മാറാന്‍ ഈ വിഗ്രഹമാണ് പൂജിച്ചിരുന്നതെന്നാണ് ഐതിഹ്യം. അതിനുശേഷം പരശുരാമന്‍ പ്രതിഷ്ഠിച്ച ക്ഷേത്രമാണ് ഇന്നു കാണുന്ന കാഞ്ഞിരങ്ങാട്ട് ക്ഷേത്രമെന്നാണ് ഐതിഹ്യം. ക്ഷീരധാരയും ജലധാരയുമാണ് ക്ഷേത്രത്തിലെ പ്രധാന വഴിപാട്. രോഗമോചനത്തിനായാണ് രണ്ടു വഴിപാടുകളും നടത്തുന്നത്. പഴയകാലത്ത് അത്യപൂര്‍വങ്ങളായ ഔഷധങ്ങള്‍ വളര്‍ന്നു നിന്നിരുന്ന സ്ഥലമാണ് ക്ഷേത്രസന്നിധാനം എന്നാണ് വിശ്വാസം. ഔഷധവിര്യമുള്ളതാണ് ക്ഷേത്രത്തിലെ മണിക്കിണറിലെ ജലം. ഇത് തീര്‍ത്ഥമായി സേവിക്കുന്നതും ഉത്തമമാണ്. ഭക്തര്‍ ഇവിടെ ഭജനമിരിക്കാറുമുണ്ട്. (പൂജകള്‍ക്കും വഴിപാടുകള്‍ക്കും ബന്ധപ്പെടുക)

മലപ്പുറത്തെ തൃപ്രങ്ങോട് ശിവക്ഷേത്രം

മരണഭയമില്ലാതാക്കാനും അകാലമരണത്തില്‍നിന്നു രക്ഷനേടാനും ശംഖാഭിഷേക വഴിപാടുള്ള ക്ഷേത്രമാണ് തൃപ്രങ്ങോട് ശിവക്ഷേത്രം. മലപ്പുറം ജില്ലയിലെ തിരൂര് താലൂക്കിലെ തൃപ്രങ്ങോട്ട് പഞ്ചായത്തിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. കാലനെ സംഹരിക്കുന്ന കാലകാലനായാണ് ശിവന്‍ ഈ ക്ഷേത്രത്തില് കുടിയിരിക്കുന്നത്. മാര്‍ക്കേണ്ഡേയന് ദീര്‍ഘായുസ്സും ചിരഞ്ജീവിത്വവും നല്‍കിയ കഥയാണ് ക്ഷേത്ര ഐതിഹ്യം. ഗജപൃഷ്ഠാകൃതിയില്‍ നിര്‍മിച്ച രണ്ടുനില ശ്രീകോവില്‍. പടിഞ്ഞാറ് അഭിമുഖമായാണ് ശിവന്‍ കാലസംഹാരമൂര്‍ത്തിയായി സ്ഥിതിചെയ്യുന്നത്. തീര്‍ത്ഥം ശംഖില്‍ നിറച്ച് വിഗ്രഹത്തില്‍ അഭിഷേകം ചെയ്യുന്ന ചടങ്ങാണ് അകാലമരണത്തെ തടയുന്ന ശംഖാഭിഷേകം. (പൂജകള്‍ക്കും വഴിപാടുകള്‍ക്കും ബന്ധപ്പെടുക)

തൃശൂരിലെ തൃക്കൂര്‍ മഹാദേവക്ഷേത്രം

പ്രാചീനകാലത്തെ ഗുഹാക്ഷേത്രമാണ്. ഇപ്പോള്‍ പുരാവസ്തുവകുപ്പിന്‍റെ മേല്‍നോട്ടത്തിലാണ്. തൃശൂര്‍ നഗരത്തില്‍നിന്നു പത്ത് കിലോ മീറ്റര്‍ തെക്കു കിഴക്ക് പുത്തൂര്‍ പുഴയുടെ തീരത്താണ് ക്ഷേത്രം. കുന്നിന്‍മുകളില്‍. അഗ്നിതത്ത്വലിംഗത്തില്‍ പ്രതിഷ്ഠിച്ച ശിവനാണ് ഇവിടെ കുടികൊള്ളുന്നത്. അഗ്നിതത്ത്വലിംഗമായതിനാല്‍ മഴക്കാലത്ത് പുറത്തെഴുന്നള്ളത്ത് പതിവില്ല. പ്രധാന വഴിപാട് കയറുകൊണ്ടുള്ള തുലാഭാരം. ഈ വഴിപാട് നടത്തിയാല്‍ ഏതുതരം മാറാത്ത ശ്വാസംമുട്ടും മാറുമെന്നാണ് വിശ്വാസം. (പൂജകള്‍ക്കും വഴിപാടുകള്‍ക്കും ബന്ധപ്പെടുക)

ആലപ്പുഴയിലെ തിരുവിഴ മഹാദേവക്ഷേത്രം

രോഗമോചനത്തിന് പ്രസിദ്ധമാണ് ആലപ്പുഴയിലെ തിരുവിഴ മഹാദേവക്ഷേത്രം. പഴയ മഹാക്ഷേത്രമാണ്. കൈവിഷം മാറാനും മാനസികരോഗത്തിനും ഇവിടെനിന്നുള്ള മരുന്നുസേവ ലോകപ്രസിദ്ധമാണ്. കേരളത്തിനുപുറമേ, അന്യദേശങ്ങളില്‍ നിന്നുള്ള രോഗികളും ഇവിടെ സങ്കടമോചനത്തിനായി വന്നെത്തുന്നു. ക്ഷേത്രസന്നിധിയില്‍ നിന്നും ലഭിക്കുന്ന അത്യപൂര്‍വമായൊരു ചെടിയില്‍നിന്നാണ് കൈവിഷം കളയാനും ചിത്തഭ്രമം മാറാനും ഉപയോഗിക്കുന്നത്. രോഗം മാറാനെത്തുന്നവര്‍ തലേദിവസം ദീപാരാധനക്കുമുന്‍പു ക്ഷേത്രത്തിലെത്തണം. ദീപാരാധാന കഴിഞ്ഞ് യക്ഷിക്കു ഗുരുതി കഴിച്ച് അതിന്‍റെ പ്രസാദം രോഗി കഴിക്കണം. പിറ്റേദിവസം പന്തീരടി പൂജക്കുശേഷം മേല്‍ശാന്തി മരുന്നു നല്‍കും. മരുന്നു കഴിച്ചാല്‍ ക്ഷേത്രത്തില്‍ പ്രദക്ഷിണം വെക്കണം. പ്രദക്ഷിണവേളയിലാണ് കൈവിഷം ഛര്‍ദിച്ചുപോകുക. അതിനുശേഷം ക്ഷേത്രത്തിലെ നിവേദ്യച്ചോറ് നല്‍കും. മരുന്നു സേവയ്ക്കെത്തുന്നവര്‍ തികഞ്ഞ പഥ്യം പാലിക്കണം. ആലപ്പുഴ ജില്ലയിലെ ചേര്‍ത്തല തെക്ക്‌ പഞ്ചായത്തിലാണ്‌ പുരാതനമായ തിരുവിഴ മഹാദേവക്ഷേത്രം സ്ഥിതിചെയ്യുന്നത്. (പൂജകള്‍ക്കും വഴിപാടുകള്‍ക്കും ബന്ധപ്പെടുക)

പത്തനംതിട്ടയിലെ ഏഴംകുളം ദേവീക്ഷേത്രം

പത്തനംതിട്ട ജില്ലയില്‍ അടൂരിനടുത്ത് സ്ഥിതിചെയ്യുന്ന ഏഴംകുളം ദേവീക്ഷേത്രം ദക്ഷിണകേരളത്തില്‍ തൂക്കം നടക്കുന്ന പ്രധാന ദേവീക്ഷേത്രമാണ്. പ്രതിഷ്ഠ ശിലാകണ്ണാടി. കൊടുങ്ങല്ലൂര്‍ ദേവിയുടെ ചൈതന്യമെന്നു വിശ്വാസം. കണ്ണുരോഗങ്ങള്‍ മാറാന്‍ ഇവിടെ രുധിരക്കലം എന്ന വഴിപാടും നടത്തുന്നു. ആണ്‍കുട്ടികളുണ്ടാവാന്‍ ഈ ക്ഷേത്രത്തില്‍ തൂക്കം വഴിപാട് നടത്തിയാല്‍ മതിയെന്നാണ് വിശ്വാസം. സന്താനലബ്ധിക്കു ശേഷമാണ് വവിപാട് നടത്തുക. തൂക്കം നടത്താന്‍ പ്രത്യേകം ചുമതലപ്പെട്ടവരുണ്ട്. അവര്‍ക്ക് പ്രത്യേക വ്രതനിഷ്ഠയുമുണ്ട്. കുംഭമാസത്തിലെ കാര്‍ത്തിക നാളിലാണ് തൂക്കം വഴിപാട് നടത്തുന്നത്. അന്ന് ഉത്സവാന്തരീക്ഷമാണ്. ഇതറിയപ്പെടുന്നത്, നേര്‍ച്ചത്തൂക്കം' എന്നാണ്. കാലം ചെല്ലുന്തോറും തൂക്കക്കാരുടെ സംഖ്യ വര്‍ധിച്ചുവരുന്നു. (പൂജകള്‍ക്കും വഴിപാടുകള്‍ക്കും ബന്ധപ്പെടുക)